Posted by: Shine AR | April 26, 2009

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതിയേറി-മന്ത്രി പാലോളി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതി വര്‍ധിച്ചിരിക്കുകയാണെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പറഞ്ഞു. മലബാര്‍ മേഖലയിലെ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അഴിമതിയുണ്ടെന്ന്‌ പറയാനാവില്ല. എങ്കിലും പലയിടത്തും അഴിമതി കൂടിവരികയാണ്‌. ജീവനക്കാരുടെ അഴിമതി തടയാന്‍ പ്രസിഡന്റുമാര്‍ ജാഗ്രത പുലര്‍ത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തിന്റെ കണക്ക്‌ സൂക്ഷിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ്‌ കാണിച്ചത്‌. അഞ്ചോ പത്തോ വര്‍ഷം തുടര്‍ച്ചയായി കണക്ക്‌ പരിശോധിച്ചില്ലെങ്കില്‍ പിന്നീട്‌ ഒന്നും മനസ്സിലാവാത്ത അവസ്ഥയാണ്‌-അദ്ദേഹം പറഞ്ഞു.

ഇ.എം.എസ്‌. ഭവനപദ്ധതിക്കായി വീടില്ലാത്തവരുടെ ലിസ്റ്റ്‌ നല്‌കുന്ന കാര്യത്തിലും പഞ്ചായത്തുകള്‍ അലസത കാട്ടി. ഏഴുലക്ഷം ആളുകള്‍ക്ക്‌ വീടുകള്‍ നല്‌കണമെന്നാണ്‌ പഞ്ചായത്തിന്റെ പട്ടികയില്‍ പറയുന്നത്‌. ഈ ലിസ്റ്റ്‌ പുനഃപരിശോധിച്ചപ്പോള്‍ കണക്ക്‌ തെറ്റാണെന്നു വ്യക്തമായി. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം പത്തുലക്ഷം പേര്‍ക്ക്‌ തദ്ദേശ വകുപ്പ്‌ വീടുവെച്ചുനല്‌കി. അന്നത്തെ കണക്കുപ്രകാരം നാലുലക്ഷം പേര്‍ക്കു കൂടിയേ വീട്‌ ആവശ്യമായിട്ടുള്ളൂ. ഗൗരവമായി പട്ടിക തയ്യാറാക്കുന്നതിനു പകരം തികഞ്ഞ അനാസ്ഥയാണ്‌ ഇക്കാര്യത്തില്‍ പഞ്ചായത്ത്‌ അധികൃതര്‍ കാണിച്ചത്‌. അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്‌-അദ്ദേഹം പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതി ഫണ്ടില്‍ 30 ശതമാനം സേവന മേഖലയിലും 30 ശതമാനം പശ്ചാത്തല മേഖലയിലും 40 ശതമാനം ഉത്‌പാദന മേഖലയിലുമാണ്‌ വിനിയോഗിക്കേണ്ടത്‌. എന്നാല്‍, ഇപ്പോള്‍ ഉത്‌പാദന മേഖലയിലെ ഫണ്ട്‌ പശ്ചാത്തല മേഖലയിലേക്ക്‌ ഒഴുകിപ്പോകുന്നു. ഇത്‌ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഈ മേഖലയില്‍ ഉത്‌പാദനം വളരെ കുറഞ്ഞു. ഇവിടെ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമാണെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയംഭരണ മേഖലയില്‍ ഇപ്പോള്‍ ബാധ്യത കൂടിവരികയാണ്‌. വരുമാനം കൂട്ടേണ്ടത്‌ അനിവാര്യമാണ്‌. ചില പഞ്ചായത്തുകളില്‍ വസൂലാക്കേണ്ട നികുതി കാര്യക്ഷമമായി ഈടാക്കുന്നില്ല.

തൊഴിലുറപ്പ്‌ പദ്ധതി പഞ്ചായത്തുകളില്‍ കാര്യക്ഷമമായി നടക്കുന്നില്ല. സര്‍ക്കാറിന്റെ പണം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്ന ചിന്ത പാടില്ല. പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക്‌ കൂലിമാത്രം നല്‌കിയാല്‍ പോരാ, അവര്‍ തൊഴിലെടുക്കുന്നുണ്ടോ, അത്‌ നാടിന്‌ ഗുണപ്രദമാണോ എന്നൊക്കെ ഉറപ്പുവരുത്തണം. പല സ്ഥലങ്ങളിലും ജോലി ചെയ്യിക്കാതെതന്നെ കൂലി നല്‌കുന്ന രിതിയുണ്ട്‌. പെന്‍ഷന്‍ നല്‌കാതെ പിടിച്ചുവെക്കുന്ന രീതിയും ചിലയിടത്തുണ്ട്‌-മന്ത്രി പറഞ്ഞു.

പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ വ്യക്തമായ ആസൂത്രണം നടപ്പാക്കണം. പദ്ധതി നിര്‍വഹണത്തിന്‌ കാലാവധി നീട്ടിവാങ്ങുന്നത്‌ പതിവായിരിക്കുകയാണ്‌. ഗ്രാമസഭകള്‍ ഇപ്പോള്‍ തട്ടിക്കൂട്ടലുകളായി മാറിയിരിക്കുകയാണ്‌. ആനുകൂല്യം കിട്ടുന്നവരുടെ മാത്രം യോഗമായി മാറിയിരിക്കുന്നു ഇത്‌.

ജനകീയാസൂത്രണ പദ്ധതിയുടെ കോട്ടങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച ഡോ. ഉമ്മന്‍ ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജനകീയാസൂത്രണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌, പി.കെ. രവീന്ദ്രന്‍, കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. കുഞ്ഞമ്മദ്‌കുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്‌, ഗ്രാമപ്പഞ്ചായത്ത്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ. നാരായണന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടര്‍ ബി. ശ്രീകുമാര്‍, പഞ്ചായത്ത്‌ ജോയന്റ്‌ ഡയറക്ടര്‍ ജെ. സദാനന്ദന്‍, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അജിത്ത്‌കുമാര്‍, എന്‍. സുരാജ്‌, ഏണസ്റ്റ്‌ എടപ്പള്ളി, ഒ. ബാലകൃഷ്‌ണന്‍, അലക്‌സ്‌ കെ. തോമസ്‌ എന്നിവര്‍ സംസാരിച്ചു.

Mathrubhumi Daily 26 April 2009

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Categories

%d bloggers like this: